ജനുവരിയില്‍ വയനാട്ടിലൂടെ ഒരു ഏകാന്ത യാത്ര
ന്യൂഇയറിന് പ്രത്യേകം ആഘോഷങ്ങളൊന്നുമില്ലായിരുന്നു. കാമുകി തേച്ചിട്ടുപോയി എന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം സന്തോഷം. പുതുവര്‍ഷത്തില്‍ കാമുകി തേച്ചിട്ടുപോയ കാമുകന്‍ ഞാന്‍ മാത്രമായിരിക്കുമെന്ന് ചിന്തിച്ച് ചിരിയും സങ്കടവും പേറിയ സമിശ്ര വികാരത്തില്‍ മഹേഷിന്റെ പ്രതികാരം കണ്ടു. ഒത്തിരി തവണ കണ്ടിട്ടുണ്ടെങ്കിലും ഇത്തവണ ഒരു മനസ്സുഖം. ഞായറാഴ്‌ച (1.1.2017) ഹോസ്‌റ്റലില്‍ തനിച്ചാണ്. എല്ലാവരും നാട്ടിലും മറ്റുമായി പോയിരിക്കുന്നു. സമയം കടന്നുപോകുന്നുവെന്നതെല്ലാതെ യാതൊന്നുമില്ല. സമയം വൈകുന്നേരം 4 മണി. വയനാടിന്റെ രാത്രി കാഴ്‌ചകളും കാലാവസ്ഥയും അനുഭവിച്ചറിയാന്‍ ഇതിലും നല്ലൊരു സമയമില്ലെന്ന ചിന്ത. ഗോപ്രോ ക്യാമറയും ലാപ്‌ടോപും
ബാക്കിലാക്കി. കുന്നമംഗലം ടൗണില്‍ നിന്നും സുല്‍ത്താന്‍ ബത്തേരിയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ്സില്‍ യാത്ര. അന്നേരമാണ് ശുബൈഅിനെ കാണുന്നത്. ബസ് ടിക്കറ്റ് ലാഭം. വൈകുന്നേരത്തോടെ ചുരം കയറ്റമാരംഭിച്ചു. പുതുവത്സരത്തിന്റെ ആഘോഷപ്പൊലിമ അവസാനിച്ചിട്ടില്ലെന്ന് തോന്നുന്നു, വ്യൂപോയന്റ് സഞ്ചാരികളാല്‍ നിറഞ്ഞിരിക്കുന്നു. 6 മണിയാകുമ്പോഴേക്കും കല്‍പറ്റയിലെത്തി. റോഡരികിലെ തട്ടുകടയില്‍ നിന്നും കടുപ്പത്തിലൊരു ചായ. പൊറോട്ടയും പൂള ബിരിയാണിയും ഓംലൈറ്റും മറ്റു ചൂടന്‍ വിഭവങ്ങളുമെല്ലാമുണ്ടായിരുന്നെങ്കിലും തല്‍കാലം ചായയിലൊതുക്കി. പുഷ്‌പോത്സവത്തിന്റെ സമയമാണ്. കാല്‍ വണ്ടിയില്‍ ഏകദേശം 1 കിലോ മീറ്ററിലധികം നടന്നു. 30 രൂപയുടെ പ്രവേശന പാസ് എടുത്ത് പുഷ്‌പങ്ങളുടെ ലോകം കാണാനായി അകത്ത് കടന്നു. കാഴ്‌ചകള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്യുന്നുണ്ട് വ്യത്യസ്‌തങ്ങളായ പുഷ്‌പങ്ങളാല്‍ സമൃദമാണ് ഷോ. മരുഭൂമിയിലും മറ്റും മാത്രമായി കാണുന്ന ചെടികളുടെ ശേഖരവുമുണ്ടിവിടെ. മുമ്പോട്ട് നടന്നപ്പോള്‍ നിറയെ സ്‌റ്റാളുകള്‍ കാണുന്നു. വിവിധങ്ങളായ വാണിജ്യ വസ്‌തുക്കളുടെ വില്‍പനയാണിവിടെ. എല്ലാമൊന്ന് വേഗത്തില്‍ കണ്ട് പുറത്തിറങ്ങി. അലങ്കരിച്ച സ്റ്റേജിന്റെ മുന്‍വശങ്ങളിലായി നിരവധി ആളുകള്‍ കൂടിയിരിക്കുന്നു. സംഗീത സന്ധ്യ ആരംഭിക്കാന്‍ പോവുകയാണത്രെ. ഒരു മരത്തിന്റെ ചുവട്ടില്‍ സ്ഥാനം പിടിച്ചു. തൊട്ടടുത്ത് നോക്കുമ്പോള്‍ ഒരു ചേട്ടന്‍ ചുമ്മാ നോക്കി ചിരിക്കുന്നു. 2 മിനിട്ടിനുള്ളില്‍ ചേട്ടന്‍ എന്റെ ദോസ്‌തായി. എറണാക്കുളം സ്വദേശിയാണ്. കുറേകാലങ്ങളായി വയനാട്ടിലാണ് താമസം. ആള് നല്ല വെള്ളത്തിലാണ്. ഇടക്കിടക്ക് ഗാനശകലങ്ങള്‍ പുറത്തുവരുന്നുണ്ട്. ഒറ്റക്കുള്ള യാത്രയില്‍ ഇത്തരം കഥാപാത്രങ്ങള്‍ നല്‍കുന്ന സന്തോഷങ്ങള്‍ വലുതാണ്. വയനാട്ടിലെ പ്രാദേശിക ടീമാണ് സ്റ്റേജിലെന്ന് തോന്നുന്നു. ആളുകള്‍ക്ക് വലിയ താല്‍പര്യമൊന്നുമില്ല. എന്റെ നാടായിരുന്നെങ്കിലെന്ന് ഞാന്‍ ചുമ്മാ ആലോചിച്ചു. 11 മണി ആകുമ്പേഴും പ്രോഗ്രാം എല്ലാം കഴിഞ്ഞു. സ്‌റ്റാന്റ് ലക്ഷ്യമാക്കി ഞാന്‍ നടന്നു. കൂടെ ദോസ്‌തായ ചേട്ടനുമുണ്ട്. വീട്ടിലേക്ക് ക്ഷണിച്ചെങ്കിലും രാത്രിയില്‍ തിരിച്ചു പോവേണ്ടതുകൊണ്ട് പിന്നീടാകാമെന്ന് പറഞ്ഞു. ഇടക്ക് രണ്ട് ചെറുപ്പക്കാരെയും കൂട്ടിന് കിട്ടി. വയനാടിന്റെ കാലാവസ്ഥയെപ്പറ്റിയും മറ്റും വാതോരാതെ അവര്‍ സംസാരിച്ചു. സ്‌റ്റാന്റ് എത്തിയപ്പോള്‍ അവരോട് നന്ദി പറഞ്ഞ് ബസ്സിനായി കാത്തിരുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ ആനവണ്ടി എത്തി. 50 രൂപയുടെ ടിക്കറ്റെടുത്ത് സുഖകരമായ ഒരു ഉറക്കവും പാസാക്കി നേരെ ഹോസ്‌റ്റലിലേക്ക്.
Comments
Post a Comment