ബംഗാളികളുടെ നാട്ടിലേക്കൊരു യാത്ര

കണ്ണെത്താദൂരത്തോളം വിശാലമായി കിടക്കുന്ന പാടശേഖരങ്ങളായിരുന്നു ബംഗാളിന്റെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പ്രധാനമായും കാണാനായത്‌. പതിനഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഞാന്‍ കണ്ട മലയാള നാടിന്റെ പ്രതീതി. പുല്‍വീടുകളിലും മണ്‍വീടുകളിലും അന്തിയുറങ്ങുന്ന ഗ്രാമീണജനത. ആര്‍ഭാടങ്ങള്‍ തൊട്ടുതീണ്ടിയിട്ടില്ലാത്ത ജീവിതശൈലി. വെസ്റ്റ്‌ബംഗാളിലൂടെയുള്ള യാത്രാനുഭവങ്ങള്‍ വര്‍ണനകള്‍ക്കതീതമാണ്‌. #
കോഴിക്കോട്‌ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും രാത്രി പതിനൊന്ന്‌ മണിയോടെ ചെന്നൈ ലക്ഷ്യമാക്കി യാത്ര തുടങ്ങി. ചെന്നൈയില്‍ നിന്നും വിമാനമാര്‍ഗമാണ്‌ കൊല്‍ത്തയിലേക്കുള്ള യാത്ര. നേരത്തെ തന്നെ എയര്‍പോര്‍ട്ടില്‍ ചെക്ക്‌ഇന്‍ ചെയ്‌തു. സ്‌പൈസ്‌ജെറ്റ്‌ വിമാനത്തില്‍ ബംഗാളിന്റെ മണ്ണിലേക്ക്‌. കൊല്‍ക്കത്തയുടെ തെരുവുകാഴ്‌ചകളും ഹൗറ പാലവും ഈഡന്‍ ഗാര്‍ഡന്‍ സ്‌റേറഡിയവുമെല്ലാം യാത്രയില്‍ കാണാനായി. കൊല്‍ക്കത്തയില്‍ നിന്നും എട്ടു മണിക്കൂര്‍ യാത്ര ചെയ്‌തുവേണം മാജിഖണ്ഡയെന്ന ഗ്രാമത്തിലെത്താന്‍. ഈ ഗ്രാമീണപാശ്ചാത്തലത്തിലാണ്‌ ഇനിയെന്റെ എഴു സുന്ദരദിനങ്ങള്‍. പ്രഭാതമാകുന്നതേയുള്ളൂ. പച്ച പുതച്ച പാടങ്ങള്‍ക്കിടയിലൂടെയുള്ള ട്രെയിന്‍ യാത്ര നമ്മെ
ഉന്മേഷഭരിതമാക്കും. ഒരു കൊച്ചു സ്റ്റേഷനില്‍ ട്രെയിനിറങ്ങി. 21 വയസ്സ്‌ പ്രായമുള്ള ഡ്രൈവര്‍ക്ക്‌ 2 കുട്ടികളുണ്ടെന്നറിഞ്ഞപ്പോള്‍ 25 വയസ്സ്‌ പ്രായമുള്ള ബാച്ചലറായ എനിക്ക്‌ ചിരിച്ചിരിക്കാനേ സാധിച്ചുള്ളൂ. കേരളത്തെ ദൈവത്തിന്റെ നാടെന്ന്‌ പറയുന്നതിലെ ഔചിത്യം ഇന്നെനിക്ക്‌ ബോധ്യമായി. റോഡിനിരുവശവും വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചിരിക്കുന്നു. കൃഷി മുഖ്യവരുമാനമായി ജീവിക്കുന്ന ഒരു ജനതയെയാണ്‌ ഇവിടങ്ങളില്‍ നമുക്ക്‌ കാണാനാവുക. തൈ്വബ ഗാര്‍ഡനിലാണ്‌ താമസം. ഉച്ചക്കുള്ള ഭക്ഷണമാണ്‌ ഇനി പ്രധാനം. ഉരുളക്കിഴങ്ങ്‌ കൊണ്ടുള്ള വിഭവങ്ങള്‍ നാം കഴിക്കാറുണ്ടെങ്കിലും കടുകെണ്ണ ഉപയോഗിച്ചുള്ള വിഭവങ്ങള്‍ മലയാളിക്ക്‌ അന്യമാണ്‌. ഇവിടുത്തെ ഭക്ഷണങ്ങള്‍ രുചിച്ചപ്പോഴാണ്‌ നമ്മുടെ നാട്ടിലെ സാമ്പാറും ബീഫും ഉള്‍പ്പെടെയുള്ള നാടന്‍വിഭവങ്ങള്‍ എത്രയേറെ രുചികരമാണെന്ന യാഥാര്‍ത്ഥ്യം ബോധ്യമായത്‌. പട്ടിണി കിടക്കാന്‍ താല്‍പര്യമില്ലാത്തത്‌ കൊണ്ട്‌ ചെറുനാരങ്ങാനീരും ഉള്ളിയും ചേര്‍ത്താണ്‌ മിക്ക ഭക്ഷണവും കഴിച്ചതെന്ന സത്യം തുറന്നുപറയട്ടെ. ബംഗ്ലാദേശ്‌ കാണാന്‍ ഇവിടെനിന്ന്‌ കുറഞ്ഞ ദൂരം മാത്രമാണുള്ളത്‌. മൂന്നു കിലോ മീറ്റര്‍ അടുത്തായി ബംഗ്ലാദേശിന്റെ ബോര്‍ഡര്‍ ഉണ്ട്‌. പുതുതായി വന്ന ഓഫീസര്‍ അവിടേക്ക്‌ പ്രവേശനം നല്‍കില്ലെന്ന്‌ അറിയാന്‍ സാധിച്ചു. അടുത്ത ബോര്‍ഡറിലേക്ക്‌ നാല്‍പത്‌ കിലോമീറ്റര്‍ സഞ്ചരിക്കണം. സുഹൃത്തിന്റെ പജീറോ ബോര്‍ഡര്‍ ലക്ഷ്യമാക്കി കുതിച്ചു. ടൂറിസ്‌റ്റുകള്‍ക്ക്‌ ഇവിടങ്ങളില്‍ പ്രവേശനമില്ല. എന്‍..ജി.ഒ പ്രവര്‍ത്തകര്‍ക്കൊപ്പമാണ്‌ ഇവിടേക്കുള്ള പ്രവേശനമനുവദിച്ച്‌ കിട്ടിയത്‌. ഇന്ത്യന്‍ ആര്‍മിയുടെ പോസ്‌റ്റില്‍ വാഹനവും യാത്രക്കാരെയും പരിശോധനക്ക്‌ വിധേയമാക്കി. തിരിച്ചറിയല്‍ രേഖ പിടിച്ചുവെച്ചു. തിരിച്ചുവരുമ്പോള്‍ തിരികെതരുമെന്ന്‌ സുഹൃത്ത്‌ പറഞ്ഞു. വന്‍തോതിലുള്ള മയക്കുമരുന്ന്‌ കടത്തുമുള്‍പ്പെടെയുള്ളവ കൂടിയതിനാലാണ്‌ സുരക്ഷ വര്‍ദ്ധിപ്പിച്ചതെന്നറിയാന്‍ സാധിച്ചു. നടന്നുവേണം ബോര്‍ഡറിനരികിലെത്താന്‍. ബീഡി തെറുത്ത്‌ ജീവിക്കുന്ന ഒരു പറ്റം വൃദ്ധ, യുവജനങ്ങളാണ്‌ ഈ അതിര്‍ത്തിപ്രദേശത്ത്‌ താമസം. ഒരു ഗ്രാമീണനെയും കൂട്ടി ബോര്‍ഡറിനരികിലെത്തി. ബംഗ്ലാദേശ്‌ ആര്‍മി ഓഫീസറോട്‌ കേരളത്തില്‍ നിന്നുള്ളവരാണെന്നും എന്‍.ജി.ഒ പ്രവര്‍ത്തനങ്ങളുമായി ഇവിടെയെത്തിയതാണെന്നും പറഞ്ഞു. ഇവിടം ചുറ്റിക്കാണാനുള്ള അനുവാദം ലഭിച്ചു. വിസയോ പാസ്‌പോര്‍ട്ടോ ഇല്ലാതെ ജീവിതത്തില്‍ ആദ്യമായി അന്താരാഷ്ട്ര ബോര്‍ഡര്‍ കടന്നു. ഇപ്പോഴുള്ളത്‌ ബംഗ്ലാദേശിലാണ്‌. കൂടുതല്‍ നേരം അവിടെ നില്‍ക്കാനുള്ള അനുവാദമില്ല. ഫോട്ടോകളും വീഡിയോകളും പകര്‍ത്തി തിരികെ ഇന്ത്യയിലേക്ക്‌ നടന്നു. മാജിഖണ്ഡയിലെ ഗ്രാമീണകാഴ്‌ചകള്‍ ഏറെ സമുളവാക്കുന്നവയാണ്‌. കരിമ്പ്‌ജ്യൂസ്‌ മെഷീന്‍ ഉപയോഗിച്ചുകൊണ്ടുള്ള തുറന്ന വാഹനത്തിലാണ്‌ സാധനസാമഗ്രികളും കാര്‍ഷികവിളകളും കൊണ്ടുപോകുന്നത്‌. എല്ലാ വീടുകളിലും ഒന്നിലധികം സൈക്കിളുകളുമുണ്ട്‌. പത്തില്‍താഴെ മാത്രം കോണ്‍ഗ്രീറ്റ്‌ വീടുകളാണ്‌ ഇവിടങ്ങളില്‍ കാണാനായത്‌. ഇവിടുത്തെ വിവാഹാചാരങ്ങള്‍ ഏറെ കൗതുകം നിറഞ്ഞതാണ്‌. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന വിവാഹാഘോഷത്തില്‍ സംഗീതമേളത്തിന്റെ പ്രധാന്യം എടുത്തുപറയേണ്ടതാണ്‌. നേരംപുലരുവോളം നടക്കുന്ന സംഗീതമേളയില്‍ ലഹരിയുടെ അതിപ്രസരവും കൂടിയാകുമ്പോള്‍ പുറംനാട്ടുകാര്‍ക്ക്‌ ഇതൊരു വിസ്‌മയകരമായ കാഴ്‌ച തന്നെയാണ്‌. പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും മധുരപലഹാരങ്ങളും മത്സ്യ, മാംസ്യ വിഭവങ്ങളുമെല്ലാം വില്‍പ്പനക്കായുള്ള ആഴ്‌ചച്ചന്തയുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി. ഗ്രാമീണമേഖലയാണെങ്കിലും ഫൈബര്‍ ഒപ്‌റ്റിക്കല്‍ ബ്രോഡ്‌ബാന്‍ഡ്‌, ജിയോ ഇന്റര്‍നെറ്റ്‌ അടക്കമുള്ള സൗകര്യങ്ങള്‍ ഇവിടങ്ങളിലുണ്ടെന്നത്‌ എന്നില്‍ അതിശയമുളവാക്കി. എന്‍.ജി.ഒ പ്രവര്‍ത്തകര്‍ക്കൊപ്പം മറ്റു ചില ഗ്രാമങ്ങള്‍ കൂടി സന്ദര്‍ശനം നടത്തി. തണുത്ത കാലാവസ്ഥയിലാണ്‌ ഇവിടെയെത്തിയതെന്നതിനാല്‍ ചൂടിന്റെ കാഠിന്യം അറിഞ്ഞില്ല. കുന്നുകളില്ലാതെ നിരന്നുകിടക്കുന്ന പ്രദേശങ്ങളാണ്‌ ഇവിടെ മുഴുവന്‍. കാസര്‍ഗോഡുകാരിയായ ഒരു മലയാളി വനിതയാണ്‌ ഈ ജില്ലയുടെ കലക്ടര്‍ എന്നത്‌ അഭിമാനമുളവാക്കി. മുന്‍പ്‌ കോഴിക്കോട്‌ ജില്ലാ കലക്ടറായിരുന്ന പി.ബി സലീം ഇന്ന്‌ വെസ്റ്റ്‌ബംഗാളിലാണുള്ളത്‌. മാജിഖണ്ഡയിലെ കാഴ്‌ചകളോട്‌ വിടപറയേണ്ട നേരമായിരിക്കുന്നു. കൊല്‍ക്കത്തയുടെ മണ്ണിലേക്ക്‌ വീണ്ടും. ഹൗറ സ്റ്റേഷനില്‍ നിന്നും രാത്രിയിലാണ്‌ ചെന്നൈയിലേക്കുള്ള ട്രെയിന്‍. സമയം ധാരാളമുണ്ട്‌. കൊല്‍ക്കത്തയുടെ കാഴ്‌ചകള്‍ കാണാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചുറ്റിയടിച്ചു. മൂന്നിലധികം സംസ്ഥാനങ്ങളിലൂടെ രണ്ടു ദിവസത്തെ യാത്രയുണ്ട്‌ ചെന്നെയിലെത്താന്‍. യാത്രയുടെ വിരസതയകറ്റാന്‍ സൗഹൃദത്തിനപ്പുറം സ്‌നേഹവായ്‌പു നല്‍കിയ കൊല്‍ക്കത്തക്കാരിയെയും അവളുടെ സുന്ദരിയായ അനിയത്തിക്കുട്ടി, അഞ്ചുവയസ്സുകാരി ദിയമോളെയും ഓര്‍മകളില്‍ സൂക്ഷിച്ചുകൊണ്ട്‌ കോഴിക്കോടെന്ന സാംസ്‌കാരിക നഗരിയില്‍ ഈ യാത്ര അവസാനിച്ചു.

Comments